District News
തിരുവനന്തപുരം : കല്ലമ്പലത്ത് ടിപ്പർ ലോറി ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരനായ വയോധികൻ മരിച്ചു. കല്ലമ്പലം മാവിൻമൂട് ചിറ്റയക്കോട് പുത്തൻവിള വീട്ടിൽ ബാബു (60) ആണ് മരിച്ചത്.
ഇന്നലെ രാവിലെ കല്ലമ്പലം പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. കല്ലമ്പലത്ത് നിന്നും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തെ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ടിപ്പർ ലോറി ഇ ടിച്ചിടുകയായിരുന്നു.
ടിപ്പർ ലോറിയുടെ ടയറുകൾ ബാബുവിന്റെ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിർത്താതെ പോയ ടിപ്പർ ലോറിയെ പോലീസ് പിന്തുടർന്ന് ആറ്റിങ്ങലിനു സമീപം വച്ച് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. കല്ലമ്പലം പോലീസ് മേൽ നടപടി സ്വീകരിച്ചു.
District News
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡിനരികിൽ കുഴിയിൽ വീണ വയോധികനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പേരാമ്പ്ര സ്വദേശി കാരയിൽ രാജൻ (58)ആണ് വീട്ടിലേക്ക് നടന്നു പോകുമ്പോൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിക്ക് മുൻവശം കെഎസ്ഇബി പോസ്റ്റിനു വേണ്ടി കുഴിച്ച പത്ത് അടിയോളം താഴ്ചയുള്ള കുഴിയിൽ അകപ്പെട്ടത്.
സമീപത്തെ കച്ചവടക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി. റഫീഖ്, നിഗേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് അപകടത്തിൽപ്പെട്ട ആളെ സുരക്ഷിതമായി പുറത്തെടുത്തു. പരിക്കേറ്റ രാജൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നിലയത്തിലെ ഉദ്യോഗസ്ഥരായ ടി. വിജീഷ്, കെ.പി. വിപിൻ, ആർ. ജിനേഷ്, ജിഷാദ്, എസ്.എസ്. ഹൃദിൻ, ബി. അശ്വിൻ, രജീഷ്, അജേഷ്, ഹോം ഗാർഡുമാരായ അനീഷ് കുമാർ, വിജേഷ്, പ്രിൻസ് വർഗീസ്, രതീഷ് എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
District News
ചേര്‍ത്തല: വയോധികന് വീടിനോടു ചേര്‍ന്ന ചതുപ്പില്‍ ഒരുദിവസത്തോളം കിടക്കേണ്ടിവന്ന സംഭവത്തില്‍ അഭയകേന്ദ്രത്തിലെത്തിച്ച വയോധികനും കുടുംബവും സുഖംപ്രാപിക്കുന്നു. വയലാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് എട്ടുപുരയ്ക്കല്‍ കിഴക്കേത്തറ ജയദേവനെ(69)യാണ് വെള്ളിയാഴ്ച പൊതുപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിലേക്കു മാറ്റിയത്.
ജയദേവനൊപ്പം വീട്ടില്‍ അവശനിലയില്‍ കഴിഞ്ഞിരുന്ന സഹോദരി യശോദ (67), മകന് മാനസിക വെല്ലുവിളി നേരിടുന്ന ലിജു (41) എന്നിവരെയും വീട്ടില്‍നിന്നു രക്ഷപ്പെടുത്തിയിരുന്നു. അയല്‍വാസികള്‍ വല്ലപ്പോഴും നല്കുന്നതല്ലതെ ഇവര്‍ക്കു ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. പട്ടിണികിടന്നുള്ള അവശതയും ആരോഗ്യമില്ലായ്മയുമായിരുന്നു ഇവരുടെ പ്രശ്നങ്ങള്‍.
ജയദേവന്റെ കാഴ്ച പരിമിതിയും പ്രശ്നമായിരുന്നു. ഇവരുടെ ദുരിതത്തിനു പരിഹാരം കാണണമെന്നു കാട്ടി പഞ്ചായത്തംഗം കുഞ്ഞുമോള്‍ റോയി പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ, കമ്മിറ്റിയില്‍ ചര്‍ച്ചചെയ്തെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
സാമൂഹിക നീതിവകുപ്പിന്റെ ആറാട്ടുപ്പുഴ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ജയദേവനും യശോദയും സുഖം പ്രാപിച്ചു തുടങ്ങി. ഭക്ഷണവും പരിചരണവും ലഭിച്ചതോടെ ഇരുവരുടെയും അവശതകള്‍ മാറി തുടങ്ങിയതായി സാമൂഹ്യനീതിവകുപ്പധികൃതര് അറിയിച്ചു. നിലവില്‍ ഇരുവരും കേന്ദ്രത്തിലെ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച യശോദയുടെ മകന് ലിജുവിന്റെ ചികിത്സയും തുടങ്ങിയിട്ടുണ്ട്.
വയലാര്‍ എട്ടുപുരക്കലില് വയോധികരടക്കം പട്ടിണിക്കോലമായി ദുരിതത്തിലായ സംഭവത്തില്‍ തുടര്‍ചികിത്സ ഏറ്റെടുക്കുമെന്ന് പി. പ്രസാദ് എംഎല്‍എ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍ അറിയിക്കുമ്പോള്‍ കത്യമായ ഇടപെടുലുകള്‍ നടത്തുന്നതാണ്. ഈ വിഷയത്തില്‍ ഒരു ജനപ്രതിനിധിയും അറിയിച്ചിരുന്നില്ല. ഇവരെ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജയദേവനും സഹോദരിക്കും സഹായങ്ങള്‍ നല്‍കിയിരുന്നതായി വയലാര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുമുരളിയും വൈസ് പ്രസിഡന്റ് എം.ജി. നായരും പറഞ്ഞു. ഇവര്‍ താമസിക്കുന്ന വീട് പഞ്ചായത്തിന്റെ ഇഎംഎസ് ഭവന പദ്ധതിയില്‍ നിര്‍മിച്ചു നല്‍കിയതാണ്.
ഇവര്‍ക്ക് അഗതി ഭക്ഷണകിറ്റുകള്‍ നല്‍കിയിരുന്നു. ആശാ പ്രവര്‍ത്തകരും വീടു സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വയലാര്‍ കനിവടക്കമുള്ള സന്നദ്ധ സംഘടനകളും വസ്ത്രമടക്കം നല്‍കിയിരുന്നു. ഒരു വര്‍ഷം മുമ്പ് പഞ്ചായത്തംഗം ഇടപെട്ട് ജയദേവനു തിമിര ശസ്ത്രക്രിയയ്ക്കായി നടപടി സ്വീകരിച്ചിരുന്നതാണ്. എന്നാല്‍ രക്തസമ്മര്‍ദം കൂടിയതിനാല്‍ നടത്താനായില്ല. വീടു വിട്ടുപോകാന്‍ ഇവര്‍ തയാറല്ലാത്തതും സാഹയങ്ങള്ക്കു തടസമാകുന്നുണ്ട്.
Kerala
തലശേരി: തലശേരി പുതിയ ബസ് സ്റ്റാൻഡിൽ അറുപതുകാരനെ ആൾക്കൂട്ടത്തിനിടയിൽ വച്ച് കഴുത്തറത്ത് കൊല്ലാൻ ശ്രമം. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ചെന്പിലോട് പെറ്റുമ്മൽ വളപ്പിൽ മന്നൻ കടിയൻ വീട്ടിൽ നാസറിനു നേരെയാണ് വധശ്രമമുണ്ടായത്.
നാസറിനെ അതീവ ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞു 3.30 ഓടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി മുഹമ്മദ് ഷാഹിദിനെ (39) ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന പ്രതി ബ്ലേഡ് പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് നാസറിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Kerala
വയനാട്: മാനന്തവാടിയിൽ കാട്ടാന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു. കാട്ടിക്കുളം പുളിമൂടുകുന്ന് ഉന്നതിയിലെ രാജു (65) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തോടെയാണ് സംഭവം.
വീടിനു സമീപം ജോലിയിലായിരുന്ന രാജുവിനെ ആന തട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്കാണ് ഗുരുതര പരിക്കേറ്റേത്. തുടർന്ന് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജനവാസകേന്ദ്രത്തില്‍നിന്നു വനസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തുരത്തുന്നതിനിടെയാണ് ആന രാജുവിന്റെ വീടിനടുത്തുകൂടി കടന്നുപോയത്.
Kerala
കൊച്ചി: എറണാകുളം ജില്ലയില്‍ വെസ്റ്റ് നൈല്‍ പനിയെ തുടര്‍ന്ന് ഒരു മരണം. ആലുവ കിഴക്കെ കടുങ്ങല്ലൂര്‍ കൊച്ചു മൂത്തേടത്ത് മുരളീധരന് (70) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
വെസ്റ്റ് നൈല്‍ പനിയെ തുടര്‍ന്ന് തന്നെയാണോ മരണം എന്ന് സ്ഥിരീകരിക്കുന്നതിനായി മുരളീധരന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മേയ് 27നാണ് കടുത്ത പനിയെ തുടര്‍ന്ന് മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെസ്റ്റ് നൈല്‍ രോഗ ലക്ഷങ്ങളുണ്ടായിരുന്നത് കൊണ്ടാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത് എന്നാണ് വിവരം. ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. 1937ല്‍ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി 2011ല്‍ ആലപ്പുഴയിലാണ് വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്തത്.
District News
മറയൂർ: പാത കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് 62 വയസുള്ള ഗോത്രവയോധികൻ മരിച്ചു. മറയൂർ ഇന്ദിരാനഗർ പുനരധിവാസ കോളനി സ്വദേശി രാജു മൊട്ടയൻ ആണ് മരിച്ചത്.
മറയൂർ-കാന്തല്ലൂർ റോഡിലെ പട്ടം കോളനി ഭാഗത്ത് ഇന്നലെ വൈകുന്നേരം 4.30നായിരുന്നു അപകടം. ഇന്ദിരാനഗറിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രാജു മൊട്ടയൻ ഓട്ടോറിക്ഷയിൽ കയറാൻ റോഡ് മുറിച്ചുകടക്കുമ്പോൾ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചതായാണ് റിപ്പോർട്ട്.
പരിക്കേറ്റ രാജു മൊട്ടയനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം മറയൂർ കുടുംബാരോഗ്യ കേന്ദ്രം മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
മറയൂർ പോലീസ് ഇൻസ്പെക്ടർ എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം മേൽനടപടികൾ സ്വീകരിച്ചു.ഭാര്യ: പാപ്പാത്തി. മക്കൾ: ശക്തി വേൽ, സെൽവറാണി. മരുമക്കൾ: പ്രിയ, മനോജ്.
District News
പാലക്കാട്: അകത്തേത്തറ നടക്കാവ് ഭാഗത്ത് നിർമാണം പുരോഗമിക്കുന്ന മേൽപാലത്തിന്റെ ഗർഡറുകൾക്കിടയിൽ വയോധികൻ കുടുങ്ങിയ നിലയിൽ കണ്ടെത്തി.
ഇന്നലെ പുലർച്ചെ ആറുമണിയോടെയാണ് നാട്ടുകാർ ഇയാളുടെ കരച്ചിൽകേട്ട് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. നിർമാണത്തിലിരിക്കുന്ന പാലത്തിലേക്ക് അബദ്ധത്തിൽ കയറിയ വയോധികൻ ഗർഡറുകൾക്കിടയിലേക്ക് വീണ് കുടുങ്ങിയതാകാമെന്നാണ് പ്രാഥമികനിഗമനം.
ഏറെ നേരം സഹായത്തിനായി വിളിച്ചുകരഞ്ഞതിനെ തുടർന്നാണ് സമീപവാസികൾ വിവരം അറിഞ്ഞത്. ഉടൻ സ്ഥലത്തെത്തിയ നാട്ടുകാർ ഏറെ പ്രയത്നിച്ചാണ് ഇയാളെ സുരക്ഷിതമായി പുറത്തെടുത്തത്.
ഭാഗ്യം കൊണ്ടാണ് വയോധികൻ പാലത്തിന്റെ മുകളിൽനിന്ന് താഴേക്ക് പതിക്കാതിരുന്നതും നിർമാണത്തിനായി സ്ഥാപിച്ചിരുന്ന കൂർത്ത കന്പികളിലേക്ക് വീഴാതിരുന്നതും. ചെറിയ അശ്രദ്ധപോലും ഗുരുതര അപകടത്തിന് വഴിവയ്ക്കുമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അപകടത്തിൽപ്പെട്ട വയോധികനു നേരിയ മാനസികാസ്വാസ്ഥ്യമുണ്ടെന്നു സംശയിക്കുന്ന തായി നാട്ടുകാർ പറഞ്ഞു. വയോധികന് നിസാര പരിക്കുണ്ട്്.
നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും അനധികൃത പ്രവേശനം തടയാൻ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും വേലിക്കെട്ടുകളും ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
വണ്ടിപ്പെരിയാർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വള്ളക്കടവ് കൊക്കക്കാട്ടിൽ സ്വദേശി ജ്ഞാനയ്യ ( 79) ആണ് മരിച്ചത്.
മേയ് 29ന് വണ്ടിപ്പെരിയാർ കക്കിക്കവലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജ്ഞാനയ്യ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
District News
പാമ്പാടി: വെള്ളൂരില്‍ ഓട്ടോറിക്ഷ ഇടിച്ച് 80 കാരന് ദാരുണാന്ത്യം. ഏര്ത്താത്തയില് വിജയകുമാറാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ വെള്ളൂര്‍ കുന്നേല്‍പ്പീടിക റോഡിലായിരുന്നു അപകടം. റോഡിലൂടെ നടന്നുപോയ വിജയകുമാറിനെ ഇലക്ട്രിക് ഓട്ടോ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിലത്തു വീണ വിജയകുമാറിനെ പാമ്പാടി താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തലയ്ക്കുപിന്നില്‍ ഏറ്റ മുറിവാണ് മരണകാരണമെന്നാണ് നിഗമനം. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് ഒമ്പതാം മൈലിലെ ശ്മശാനത്തില്‍ നടക്കും. ഭാര്യ: അമ്മുകുട്ടി. മക്കള്‍: രാജ്കുമാര് (കുവൈറ്റ്), ജയകുമാര്‍ (ദുബായ്). മരുമകള്‍: അശ്വതി (കുവൈറ്റ്).
Kerala
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ മദ്യലഹരിയിൽ വയോധികനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പുനലൂർ വെഞ്ചേമ്പ് പുത്തൻവീട്ടിൽ ശാന്തൻ (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കമ്പം പള്ളിവാസൽ രമേശ് പാണ്ഡ്യൻ (44) ആണ് പിടിയിലായത്.
ആക്രി വിൽപന നടത്തിയിരുന്നവരാണ് ഇരുവരും. ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രശാന്തനെ രമേശ് പാണ്ഡ്യൻ കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രശാന്തന്റെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തെ വ്യാപാരികളാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Kerala
കോഴിക്കോട്: കൊടശേരിയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. അഴയിൽ ചെക്കോട്ടിയുടെ(76) മൃതദേഹമാണ് വീടിനു സമീപത്തെ പാറക്കുളത്തിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ആറോടെയാണ് ചെക്കോട്ടിയെ കാണാതായത്. ഇദ്ദേഹത്തിന്റെ ഫോൺ, ഷർട്ട്, ചെരുപ്പ് എന്നിവ വീടിനു സമീപത്തുനിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സമീപത്തെ പാറക്കുളത്തിനു സമീപം സൂചന ലഭിച്ചതിനെത്തുടർന്ന് ഇവിടെ തിങ്കളാഴ്ച ആർഒവി ക്യാമറ ഉൾപ്പെടെയുളള സന്നാഹങ്ങൾ എത്തിച്ച് പരിശോധന നടത്തിയിരുന്നു.
കൊയിലാണ്ടി സ്റ്റേഷൻ ഓഫിസർ വി.കെ. ബിജുവിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍, വെള്ളിമാടുകുന്ന് സ്കൂബ ടീമും പേരാമ്പ്ര കെ9 സ്ക്വാഡ് എസ്സിപിഒ ഒ.വി. മണി, എസ്സിപിഒ വി.കെ. വിനു എന്നിവർ, അത്തോളി പോലീസ് സ്റ്റേഷൻ എസ്ഐമാരായ പ്രശോഭ്, സി.പി.സിയാദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
District News
എരുമപ്പെട്ടി: വെള്ളറക്കാട് ആദൂരിൽ പോത്തിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. ആദൂർ നാലകത്ത് പരേതനായ ബാപ്പുട്ടിയുടെ മകൻ കുഞ്ഞുട്ടി (78) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ കുഞ്ഞുട്ടി സ്വന്തം കൃഷിസ്ഥലമായ തിരുത്തുമ്മൽ പാടത്തേയ്ക്ക് പേരക്കുട്ടിയോടൊപ്പം പോയതായിരുന്നു. അവിടെ മറ്റൊരാളുടെ പോത്ത് പുല്ല് മേയുന്നതിനിടയിൽ കുഞ്ഞുട്ടിയെ ആക്രമിക്കുകയായിരുന്നു. കാലിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ കുഞ്ഞുട്ടി തൃശൂർ അശ്വനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ആറോടെ മരിക്കുകയായിരുന്നു.
എരുമപ്പെട്ടി പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആദൂർ ജുമാ മസ്ജിദിൽ ഖബറടക്കി. ഭാര്യ: അയിഷ. മക്കൾ: സൈത്, അഷറഫ്, റഷീദ്, സെക്കീന
District News
കോഴിക്കോട്: സരോവരത്തെ കനോലി കനാലില്‍ വീണ് വയോധികന് മരണമടഞ്ഞു. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചതെന്നും തിരിച്ചറിഞ്ഞിട്ടില്ലെന്നും നടക്കാവ് പോലീസ് പറഞ്ഞു.
ഇന്നലെയാണ് സംഭവം. ഒരാള്‍ കനാലിലേക്ക് നടന്നു നീങ്ങുന്നത് പരിസരത്തെ ആളുകള്‍ കണ്ടിരുന്നു. കനാലില്‍ വീണ് ചെളിയില്‍ പൂണ്ടുപോവുകയായിരുന്നുവെന്നാണ് സൂചന. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ഇന്നലെ വൈകുന്നേരം അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കോട്ടൂളി സ്വദേശിയാണ് മരിച്ചതെന്ന് സംശയിക്കുന്നു.
National
ന്യൂഡൽഹി: ഡൽഹിയിലെ മന്ദിർ മാർഗിൽ വയോധികനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിരമിച്ച ആർബിഐ ഉദ്യോഗസ്ഥൻ മാധോ റാം (63) ആണ് കൊല്ലപ്പെട്ടത്.
വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ നിലയിലായിരുന്നു മാധോയുടെ മൃതദേഹം. ഗുരുതരമായി പരിക്കേറ്റ മാധോയെ ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വീട്ടിലെത്തിയ ഇലക്ട്രീഷനായിരുന്നു രക്തത്തിൽ കുളിച്ച് കിടക്കുന്ന മാധോയെ ആദ്യം കാണുന്നത്. അദ്ദേഹം ഉടൻ തന്നെ അയൽവാസികളെ വിവരം അറിയിക്കുകയും അവർ പോലീസിനെ വിളിക്കുകയുമായിരുന്നു.
മാധോയും ഭാര്യയും മൂന്ന് മക്കളും ഒന്നിച്ചാണ് താമസിക്കുന്നത്. പ്രാഥമിക അന്വേഷണമനുസരച്ച് സംഭവം നടക്കുന്പോൾ മാധോ വീട്ടിൽ തനിച്ചായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഒരാൾ വീടിന് സമീപം നടക്കുന്നതായി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. മാധോയ്ക്ക് പരിചയമുള്ള ഒരാൾ കൊലപാതകത്തിന് തൊട്ടുമുന്‍പ് വീട്ടിൽ വന്നിരുന്നതായി പോലീസ് പറഞ്ഞു.
ഇദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടെ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊല്ലം: കല്ലുവാതുക്കലിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികൻ മരിച്ച നിലയിൽ. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽ രവീന്ദ്രൻ (65) ആണ് മരിച്ചത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ആളാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതാണ് പതിവ്.
രക്തം വാർന്ന നിലയിൽ ആയിരുന്നു മൃതദേഹം. അതേസമയം, മരണം വീഴ്ച മൂലമാണോ ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
District News
തിരുവില്വാമല: മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മലേശമംഗലം ചോഴിയങ്കോട് ഗോവിന്ദൻ (70) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: കുമാരി. മക്കൾ: ഗോപിക, അർച്ചന, അമൃത. മരുമക്കൾ: കൃഷ്ണൻകുട്ടി, സനീഷ്.
National
ലക്നൗ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എൽപിജി ക്ഷാമം രൂക്ഷമായതോടെ പഞ്ചാബിലെ ബർണാല ജില്ലയിൽ ഏജൻസിക്കു മുന്നിൽ ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരൻ കുഴഞ്ഞുവീണു മരിച്ചു. ഭൂഷന് കുമാർ മിത്തലാണ് ഹൃദയാഘാതം മൂലം മരിച്ചത്.
അതിരാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ 66 കാരൻ എട്ടു മുതൽ ക്യൂവിൽ നിൽക്കുകയായിരുന്നു. രാവിലെ 10 ഓടെയാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപേ ഭൂഷന് മരിച്ചു.
National
കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറുടെ ആക്രമണത്തിൽ വയോധികൻ മരിച്ചതായി പരാതി. നോർത്ത് പർഗാനസ് ജില്ലയിലെ നോർത്ത് ബാരക്ക്പുർ മുനിസിപ്പാലിറ്റിയിലാണ് സംഭവം. തുൾസി അധികാരിയാണ് മരിച്ചത്. ഇദ്ദേഹത്തെ ബാരക്പുർ മുനിസിപ്പൽ കൗൺസിലർ രബീന്ദ്ര നാഥ് ഭട്ടാചാര്യ മർദിച്ചുവെന്നു കുടുംബാംഗങ്ങൾ ആരോപിച്ചു. തന്റെ വീടിനു മുന്നിലുള്ള അനധികൃത നിർമാണം ചോദ്യംചെയ്തതാണ് അധികാരിയെ മർദിക്കാൻ കാരണമായത്.
ശനിയാഴ്ച സ്ഥലത്തെത്തിയ ഭട്ടാചാര്യയും അധികാരിയും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും തുടർന്ന് അധികാരിയെ ഭട്ടാചാര്യ മർദിച്ചെന്നും പോലീസിൽ നല്കിയ പരാതിയിൽ ആരോപിക്കുന്നു. ഭട്ടാചാര്യയുടെ മർദനമേറ്റു കുഴഞ്ഞുവീണ അധികാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് മകൻ ഹേമന്ത പറഞ്ഞു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.
District News
ഗൂഡല്ലൂർ: ലോറിയിടിച്ച് കാൽനട യാത്രികനായ വയോധികൻ മരിച്ചു. ഗൂഡല്ലൂരിനടുത്ത ചെളിവയൽ മില്ലിക്കുന്ന് സ്വദേശി ഗോവിന്ദ സ്വാമിയാണ് (74) മരിച്ചത്.
ഗൂഡല്ലൂർ നിലന്പൂർ അന്തർ സംസ്ഥാന പാതയിലെ നന്ദട്ടി തേയില ഫാക്ടറിക്ക് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ഇദ്ദേഹത്തെ നിലന്പൂർ ഭാഗത്ത് നിന്ന് ഗൂഡല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
Kerala
കൊല്ലം: അഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ വട്ടത്താമര സ്വദേശി ശശി (65)ആണ് പിടിയിലായത്.
വീടിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തിയ പ്രതി കൂട്ടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഒരു മാസം മുമ്പു നടന്ന സംഭവം കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്.
ഉടൻതന്നെ വീട്ടുകാർ കടയ്ക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
മൈസൂരു: കടം നൽകിയ പണം തിരികെ ചോദിച്ച വയോധികനെ ശ്വാസം മുട്ടിച്ച് കൊന്നു. ചാമരാജ് നഗർ സ്വദേശി സ്വാമി (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരായ പരാശിവമൂർത്തി, സിദ്ധരാജു, മഹേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളിൽ ചിലരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മൂവരും കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികളിലൊരാളായ പരാശിവമൂർത്തി കൊല്ലപ്പെട്ട സ്വാമിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. കടം വാങ്ങിയ പണം തിരികെ കൊടുക്കാമെന്നു പറഞ്ഞ് ഇവർ സ്വാമിയെ വിളിച്ചുവരുത്തി. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സ്വാമിയുടെ മൃതദേഹം ഗുണ്ടൽപേട്ടിനു സമീപം കാമരള്ളിയിൽ വഴിയരികിൽനിന്ന് കണ്ടെത്തി. സ്വാമിയുടെ പക്കൽ ഉണ്ടായിരുന്ന 105 ഗ്രാം സ്വർണം പ്രതികൾ തട്ടിയെടുത്ത് വീതം വച്ചു. ഈ സ്വർണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
മലപ്പുറം: ബസ് യാത്രക്കിടെ കാലിൽ ചവിട്ടരുതെന്ന് പറഞ്ഞതിന് വയോധികനെ ക്രൂരമായി മർദിച്ചയാൾ അറസ്റ്റിൽ. കേസിലെ പ്രതി ഷഹീർ ബാവയെ തമിഴ്നാട്ടിലെ കമ്പത്ത് നിന്നുമാണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.
മലപ്പുറം പെരിന്തൽമണ്ണ അരക്കുപറമ്പ് റൂട്ടിലെ സ്വകാര്യബസിൽ കഴിഞ്ഞ ദിവസമാണ് സംഭവം. താഴേക്കോട് സ്വദേശി ഹംസ (65)യ്ക്ക് ആണ് മർദനമേറ്റത്. കാലിൽ ചവിട്ടിയത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവ് പ്രകോപിതനാകുകയായിരുന്നു.
യുവാവ് വയോധികനെ ബസിനുള്ളിൽ വച്ചും പിന്നീട് കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി വീണ്ടും മർദിക്കുകയും ചെയ്തു. മർദനത്തിൽ ഹംസയുടെ മൂക്കിന്റെ എല്ല് പൊട്ടുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഹംസയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ പോലീസ് കേസെടുത്തത്.